കല്യാണാലോചന..

വളരെ നാളു കൂടി ഈ കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ എല്ലാവരും ഒരു ഒത്തുകൂടൽ ഉണ്ടായിരുന്നു.ഭാര്യയുടെ ഇളയച്ഛൻ ഒരു കാർ വാങ്ങിയിരിക്കുന്നു. അദ്ദേഹം സകുടുംബം വീട്ടിലെത്തി .വേറെയും ബന്ധുക്കൾ അന്നേ ദിവസം വീട്ടിലെത്തി. എല്ലായിടത്തേയും പോലെ ഭക്ഷണശേഷം എല്ലാവരും തന്നാലാവുന്ന വിധം രാഷ്ട്രീയവും തള്ളുകളും എല്ലാം ആയി ഇരിക്കുന്ന നേരത്താണ് ഞാൻ ഒരു കല്യാണ ആലോചന ആരംഭിച്ചത്. ചെറുക്കൻ പഴയ ഒരു സഹപാഠി.ആഢംബര ക്കപ്പലിൽ അമേരിക്കയിൽ ജോലി ആയിരുന്നു.കൊറോണ മൂലം ഇപ്പോൾ 6 മാസമായി നാട്ടിലാണ്.ഇപ്പോൾസ്വന്തമായി മെഡിക്കൽഷോപ്പ്  നടത്തുന്നു.വലിയ പ്രശ്നം ചെക്കന് 33 വയസായി എന്നതാണ്.മാർക്കറ്റിൽ ഡിമാന്റില്ല പോലും! ഞാൻ എല്ലാവരോടുമായി പറഞ്ഞു “അവന് യാതൊരു ഡിമാന്റും ഇല്ല.സ്ത്രീധനം വേണ്ട ,ജാതി അവന് പ്രശ്നമില്ലെങ്കിലും വീട്ടിൽ അമ്മ സമ്മതിക്കൂല.അമ്മയ്ക്കാണെങ്കിൽ ജാതകം നോക്കിയേ പറ്റൂ.ആരുടേയെങ്കിലും പരിചയത്തിൽ പറ്റിയ കുട്ടി ഉണ്ടെങ്കിൽ പറയൂ, കമ്മീഷൻ ഞാൻ ഏർപ്പാടാക്കാം”.
എല്ലാവരും വൻ ചർച്ച നടത്തി .ചിലർ ആർക്കൊക്കേയോ ഫോൺ വിളിച്ചു.ചൂടേറിയ ആലോചന തന്നെ നടന്നു. "ആ ഒരാളുണ്ട്! ഞാൻ ഇപ്പൊ വിളിക്കാം" കാർ മുതലാളി പറഞ്ഞു.
അദ്ദേഹം പണ്ട് ഒരു പൊതുമേഖലാസ്ഥാപനത്തിൽ വളരെക്കാലം കൂടെ പ്രവർത്തിച്ച ആളുടെ മകളാണ്.
ബാഗ്ലൂർ, ലണ്ടൻ,ബെർലിൻ മുതലായ വൻ നഗരങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഏതോ മൾട്ടിനാഷണൽ കമ്പനിയിൽ വർക്ക് ചെയ്യുന്നു. അദ്ദേഹം ഉടൻ ഫോൺ വിളിച്ച് പഴയ സഹപ്രവർത്തകനോട് കാര്യങ്ങൾ വിശദീകരിച്ചു .ചെറുക്കനെക്കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹം ഫോൺ എനിക്ക് കൈമാറി.
അങ്ങേ തലയ്ക്കൽ നിന്ന് ഗംഭീരമായ സ്വരത്തിൽ ഞാൻ കേട്ടു " നമസ്കാരം"!
"നമസ്കാരം"
ഞാൻ പറഞ്ഞു. ചെറുക്കനെ കുറിച്ച് എനിക്കറിവുള്ള കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു
എല്ലാം കേട്ടിട്ട് അദ്ദേഹം പറഞ്ഞു
"നമ്മുടെ കുട്ടിയ്ക്ക് നമ്മൾ നോക്കുന്നത് മിനിമം എംടെക്  വരെ വിദ്യാഭ്യാസം വേണം.മോൾക്ക് ഇപ്പൊ ഒന്നരലക്ഷം സാലറിയുണ്ട് ,അപ്പൊ അതിനൊത്ത ശമ്പളം വേണം.പിന്നെ കുട്ടിയ്ക്ക് താല്പര്യം ബാഗ്ലൂരാ..അവിടെ നിന്ന് ജോലി ചെയ്യാൻതയ്യാറുള്ള ആള് വേണം .ജാതകം നോക്കി എട്ടു പൊരുത്തം എങ്കിലും വേണം. പിന്നെ എനിക്ക് വേണമെങ്കിൽ ഒരു പത്ത് മെഡിക്കൽ ഷാപ്പു പണിയാൻ ഉള്ള വകയുണ്ട് .പറയണത് മനസ്സിലാവുന്നുണ്ടോ? "
"മനസ്സിലായി മനസ്സിലായി"
ഫോൺ കട്ടായ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു ഓണക്കാലം..

ബലിതർപ്പണം