ബലിതർപ്പണം

 പഴയ ഒരു ഓർമ്മയാണ് ;വർഷം2006.അന്ന് ആകെ അറിയാവുന്ന ഭാഷ മലയാളം ആണ്.അതും തൃശൂർ ഭാഷ മാത്രം.തൃശൂരിനു പുറത്തുള്ള ഭാഷ നേരിട്ടു കേട്ടിട്ടു തന്നെ ഇല്ല.ഞങ്ങൾ 19 പേർ പഠനത്തിന്റെ ഭാഗമായി ട്രെയിനിങ്ങിന് വാരാണസി പോകാൻ നിയോഗിക്കപ്പെട്ടു !ആറ് മാസo പുണ്യഭൂമിയിൽ വാസം .പ്രധാനകാര്യം ഈ 19 പേർക്കും മലയാളം അല്ലാതെ വേറെ ഭാഷ അറിയില്ല .അങ്ങനെ ഒരു വിധത്തിൽ അവിടെ എത്തിപ്പെട്ടു.രണ്ട് ആഴ്ചകൊണ്ട് ഒരുവിധം എല്ലാവരും പണിഎടുത്തു  ജീവച്ഛവമായി.ഉപ്പും എരിവും ഇല്ലാത്ത പരിപ്പുകറിയും ഉരുളക്കിഴങ്ങുകറിയും കടിച്ചാൽ പല്ലുപോകാൻ സാധ്യതയുള്ള തരം റൊട്ടിയും ഭക്ഷണം .എല്ലാം കൂടി എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി എന്നായി എല്ലാവർക്കും.കൂട്ടത്തിൽ എനിക്കുമാത്രം നൈറ്റ് ഡ്യൂട്ടി കിട്ടി.രാത്രി അധ്വാനം കുറവാണെങ്കിലും മിക്ക ദിവസവും പകൽ ഉറങ്ങുവാൻ എനിക്ക് സാധിക്കാറില്ല.18 പേരിൽ ആരെങ്കിലും എന്നും അവധി ആയിരിക്കും .അവധി ഉള്ള ആളുമായികാശി നഗരം ചുറ്റാൻ പോകും .എന്നെ കൂടെ കൊണ്ടു പോകാൻഉളള കാരണം എന്തെന്നാൽ ഞാൻ പ്ലസ്ടുവിന് ഹിന്ദി പഠിച്ചിട്ടുണ്ട് എന്ന് ഇവർ എങ്ങനേയോ മനസിലാക്കിക്കളഞ്ഞു.ആ ഒറ്റക്കാരണം കൊണ്ട് എനിക്ക് മിക്കവാറും ദിവസങ്ങളിൽ കാശിനഗരം വീണ്ടും വീണ്ടും കാണാൻ ഉള്ള യോഗം ഉണ്ടായി.കൈയിൽ കാശില്ലാത്തതു കൊണ്ട് നടന്ന്നടന്ന് ഒരു വഴി ആകും.ഗംഗാ നദി നേരിട്ടു കണ്ടപ്പോൾ ഒന്നു മുങ്ങികുളിച്ച് പവിത്രമായിക്കളയാം എന്ന ചിന്തതന്നെ കുഴിച്ചു മൂടി.

അങ്ങനെയിരിക്കെ ഞങ്ങളുടെ ശമ്പളദിനം വന്നെത്തി.പ്രതിമാസമായി കിട്ടുന്ന സ്റ്റൈപ്പന്റ് 250 രൂപാ ആണ് സമ്പാദ്യം.അന്നു നടത്തറക്കാരൻ ശിവൻ പറഞ്ഞു "നാളെ നമുക്ക് ഗംഗാ തീരത്ത് പോകണം. എന്റെ അച്ഛന് ബലി ഇടണം ,കർമ്മങ്ങൾ ചെയ്യണം .ഇവിടെ വന്നപ്പോൾ തൊട്ട് ആശിക്കുന്നതാണ്. കുറച്ചുരൂപാ നീ കടം തരേണ്ടി വരും .ഇവിടെ എങ്ങനാ അതിന്റെ രീതി എന്നൊന്നും അറിയില്ലലോ."

"ശരി,പോയ്ക്കളയാം."ഞാൻ പറഞ്ഞു.

അന്ന് രാവിലെ തന്നെ ഗംഗാതീരത്ത് എത്തി .

അധികം തിരക്കില്ലാത്ത മഴക്കാലമായിരുന്നു അത് .ആയതിനാൽ പൂജാധി കർമ്മങ്ങൾ ചെയ്യുന്ന പണ്ഡിറ്റുകൾ വളരെ കുറവായിരുന്നു.കണ്ടാൽ തരക്കേടില്ലാത്ത നന്നായി പുഞ്ചിരിക്കുന്ന ഒരു മധ്യവയസ്കനെ ഞങ്ങൾ സമീപിച്ചു.അദ്ദേഹം പറഞ്ഞു “.നിങ്ങൾ കുട്ടികൾ ആണല്ലോ.സാരമില്ല ആദ്യം പോയി ഗംഗയിൽ മുങ്ങിവരൂ .അപ്പോഴേക്കും ഞാൻ പൂജയ്ക്കുള്ള ഒരുക്കങ്ങൾ നടത്താം.എല്ലാം കഴിഞ്ഞ് ദക്ഷിണ തന്നാൽ മതി .”

ഞാൻ ഗംഗയിൽ മുങ്ങിയില്ല. ശിവൻ നന്നായി മുങ്ങി ഭക്തിയോടെ പൂജാരിയുടെ മുന്നിൽ ഈറനോടെ ഇരുന്നു.കുറേ മന്ത്രങ്ങൾ സംസ്കൃതത്തിൽ പൂജാരി പറഞ്ഞപോലെ ആവുന്ന വിധത്തിൽ ഏറ്റു പറഞ്ഞു.മൂന്ന് പിണ്ഡം ഉരുട്ടി എള്ളും പൂവും എല്ലാം ഇട്ട് കഴിഞ്ഞപ്പോൾ പൂജാരി പറഞ്ഞു “ഇനി ദക്ഷിണ വച്ച് എഴുന്നേറ്റു പോയി ഈ പിണ്ഡം എടുത്ത് ഗംഗയിൽ ഒഴുക്കൂ.ചടങ്ങ് കഴിഞ്ഞു.”

“എടാ,പൈസ വക്കാൻ പറയുന്നു."ഞാൻ പറഞ്ഞു

“എത്രയാ കൊടുക്കുക?”ശിവൻ ചോദിച്ചു

“എനിക്കറിയില്ല.”

“ഒരു നൂറ്റിഒന്നുരൂപ കൊടുക്കാം അല്ലേ”

"അത് കുറച്ച് കുറവല്ലേ ?”

“എന്തായാലും അയാളോട് ചോദിക്കാം,എത്ര വേണംന്ന്”

അറിയാവുന്ന ഹിന്ദിയിൽ ഞാൻ ചോദിച്ചു 

“എത്രയാ ദക്ഷിണ പണ്ഡിത്ജീ”

"നിങ്ങൾ കുട്ടികളല്ലേ ,മനസ് നിറഞ്ഞ് എന്തു തന്നാലും മതി"

"എടാ ,എന്തുകൊടുത്താലും മതിയെന്ന്. "

"ആണോ ?എന്നാ അമ്പത്തിഒന്നു കൊടുത്താ മതി."ശിവൻ പറഞ്ഞു.

"നീ എന്തെങ്കിലും ചെയ്യ് .നിന്റെ കാര്യം അല്ലേ?” ഞാൻ പറഞ്ഞു

“അയാളോട് ശരിക്ക് ചോദിക്കടാ,എത്രവേണംന്ന്”ശിവൻ പറഞ്ഞു.

ഞാൻ വീണ്ടും ചോദിച്ചു .

പണ്ഡിറ്റ്ജി മൊഴിഞ്ഞു: “നിങ്ങൾ കേരളത്തിൽ നിന്നാണല്ലേ ?സാധാരണ കേരളത്തിൽ നിന്ന് വരുന്നവർ ഗംഗാദേവിക്കായി പട്ടിനുള്ള തുകയും സ്വർണ്ണമാലയും ആണ് തരാറുള്ളത്.നിങ്ങൾ സ്വർണ്ണമാല തരണ്ട .ദേവിയുടെ പട്ടിനുള്ളതും എനിക്കുള്ള ചെറിയ ദക്ഷിണയും തന്നാൽ മതി."

ഞാൻ വീണ്ടും ചോദിച്ചു "എന്നാലും എത്രയാ പൈസ പണ്ഡിത്ജീ"

“നമുക്ക് ഇത് പതിനയ്യായിരത്തിൽ ഉറപ്പിക്കാം.നിങ്ങൾ കുട്ടികൾ ആയതുകൊണ്ടാണ്.ദക്ഷിണ വച്ച് പിണ്ഡം എടുത്ത് ഗംഗയിൽ മുങ്ങി നിവർന്ന്പ്പൊയ്ക്കോളൂ”

തല കറങ്ങുന്ന പോലെ തോന്നി.രണ്ടു പേരുടേയും കയ്യിലുള്ള ആകെത്തുക 500 രൂപായാണ്!പതിനയ്യായിരം എവിടന്ന് കൊടുക്കും?അത്രയും തുക ഒരുമിച്ച് കണ്ടിട്ടുപോലുംഇല്ല.ഞാൻ ശിവനെ നോക്കി

അവൻ പതിയേ എഴുന്നേറ്റ് നിന്നു .ഷർട്ട് കൈയിൽഎടുത്തു ചെരുപ്പ് എടുത്തിട്ടു. എന്നിട്ട് എന്നോടു പറഞ്ഞു 

“ഓടടാ”...

തിരിഞ്ഞു പോലും നോക്കാതെ ഞങ്ങൾ ഓടി.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കല്യാണാലോചന..

ഒരു ഓണക്കാലം..