സാംസ്കാരിക കേരളം!!
കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി വീട്ടിലെ പത്രങ്ങളിൽ പീഢനവാർത്തകൾ കൊണ്ടു നിറഞ്ഞിരിക്കുന്നു. അതിലും മുമ്പ് കുറേ നാളായി കള്ളക്കടത്ത്,കൊലപാതകം ,മയക്കുമരുന്ന് എന്നിങ്ങനെയുള്ള സംഘടിത കുറ്റകൃത്യങ്ങൾ ആയിരുന്നു എന്ന ആശ്വാസമുണ്ട്. എന്താണ് ഇങ്ങനെ ? ഭാരതത്തിലെ നിയമവ്യവസ്ഥിതിയുടെ തകരാറുകൾ ആണോ വർദ്ധിച്ചു വരുന്ന ഇത്തരം വാർത്തകൾക്കു കാരണം? അതോ കേരളത്തിലെ ആഭ്യന്തര വകുപ്പിലെ പിടിപ്പുകേടോ? ഞാനടക്കമുള്ള എല്ലാവർക്കും പെട്ടെന്ന് കാശുണ്ടാക്കാൻ വല്യതാൽപര്യം ഉണ്ട് എന്നത് ഒരു സത്യം ആണ്. അപ്പോൾ കളളക്കടത്ത് പരിപാടി എല്ലാം വലിയ നെറ്റ്വർക്കിന്റെ ഭാഗമായാലേ ആർക്കും ചെയ്യാനാകൂ.. ഈ നെറ്റ്വർക്കുകളെക്കുറിച്ച് സംസ്ഥാനത്തിന്റെ പേരുകേട്ട ഇന്റലിജൻസിനോ മറ്റ് പോലീസിങ്ങ് സൗകര്യങ്ങൾക്കോ യാതൊരൊരറിവും ഇല്ലാ എന്നു പറഞ്ഞാൽ അരിആഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. അപ്പോൾ അതിനർഥം ഈ നെറ്റുവർക്കുകളിൽ സ്വാധീനശക്തി യുള്ള പല ഉന്നതരും ഉണ്ട് എന്നു തന്നെയല്ലേ. ഈ സ്വാധീനക്കാർ ശക്തരായി തുടരുന്നോടത്തോളം കാലം ഇവിടെ ഇനിയും പല തരത്തിലുള്ള കള്ളക്കടത്തുകൾ നടക്കും
അപ്പോൾ പീഢനങ്ങളോ? ലോകം മുഴുവൻ പീഢനങ്ങൾ നടക്കുന്നുഎങ്കിലും നമ്മുടെ നാട്ടിൽ പീഢനം ഏൽക്കേണ്ടി വരുന്ന പെൺകുട്ടിക്ക് അതിനു ശേഷം ഉള്ള ജീവിതം വേറൊരു ലോകത്തായിരിക്കും. ഭൂരിപക്ഷവും പറയുക’ ആ പെണ്ണിന്റെ കൈയിലിരുപ്പു കൊണ്ടാ അങ്ങനെ പറ്റിയേ’ എന്നായിരിക്കും. സോഷ്യൽമീഡിയയിൽ ഓൺലൈനിൽ എത്ര വിധത്തിലുള്ള സാഢിസ്റ്റുകൾ ആണ് ഉള്ളത് എന്ന് വെറും ഒരു സ്ത്രീയുടെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയാൽ മനസ്സിലാവും.സമൂഹത്തിലെ പകൽമാന്യമാരെല്ലാം എത്രമാത്രം ലൈംഗിക ദാരിദ്രം ആണ് അനുഭവിക്കുന്നത് എന്ന് രാത്രിയിൽ അവർ അയക്കുന്ന സന്ദേശങ്ങളിൽ നിന്ന് മനസ്സിലാക്കാം.അത് കൊണ്ടുതന്നെയാണ് നാട്ടിലുള്ള എല്ലാ പത്രങ്ങളും അവരുടെ ഓൺലൈൻ പതിപ്പു വാർത്തതലക്കെട്ടുകൾ മസാലപുരട്ടി വിട്ടുന്നത്. ലൈംഗികത എന്ന വാക്ക് വായിക്കുമ്പോഴേക്കും ഉദ്ധരിക്കുന്ന ആളുകൾ ഈ മസാലയിൽ നക്കും എന്ന് അവർക്കറിയാം. ഇങ്ങനെയുള്ള ആളുകൾ നിറഞ്ഞ നാട്ടിൽ ഒറ്റയ്ക്ക് എങ്ങനെ സ്ത്രീകൾ പുറത്തിറങ്ങും? നാട്ടിലെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ വികലമായ നടത്തിപ്പ് തന്നെയാണ് ഇതിനു മുഖ്യമായകാരണം. ലൈംഗികത പാപമാണെന്നും പവിത്രമാണെന്നുമുള്ള അന്ധവിശ്വാസങ്ങൾ വരുംതലമുറയിൽ എങ്കിലും നിറയാതിരിക്കണമെങ്കിൽ ഈ നാട്ടിലെ സർക്കാരുകൾ ശരിയായ ലൈംഗിക വിദ്യാഭ്യാസം കൗമാരകാലത്തിലേ കുട്ടികൾക്ക് നൽകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ