ഉത്സവം.
ഇന്ന് ദേശത്തെ വലിയുത്സവമാണ്. സാധാരണ വർഷങ്ങളിൽ പത്തു ദിവസത്തെ ആഘോഷങ്ങളാണ്. ആനയും മേളവും കലാപരിപാടികളും ഒക്കെ ആയി പത്തു നാളുകൾ.ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല.ചടങ്ങുകൾ എല്ലാം പേരിന് മാത്രം.മൂന്ന് ആനകളുടെ ശീവേലിയും വാദ്യവും ഉണ്ടാകും . വേറെ കലാപരിപാടികൾ ഒന്നും ഇല്ല. മാറ്റങ്ങൾ എല്ലാം മഹാമാരി വരുത്തിവച്ചത്. ഇങ്ങനെ ആലോചിച്ച് നേരം പോയതറിഞ്ഞില്ല.അപ്പോഴാണ് അയൽവക്കത്തുനിന്ന് ബഹളം കേട്ടത്.
“എടീ നീ ക്ടാവിനോട് വണ്ടി എടുക്കാൻ പറയടീ ,എനിക്ക് ഉത്സവത്തിനു പോണം.വേഗം”
“മിണ്ടാണ്ടിരുന്നോ തള്ളേ അവിടെ, ഒരു ഉത്സവം !
കഴിഞ്ഞ കൊല്ലം കൊണ്ടോയിട്ട് നിങ്ങൾ കാണിച്ചു കൂട്ടിയത് ഓർമ്മയില്ലേ? എന്റെ വയേന്ന് കേക്കും.”
ബഹളം കുറഞ്ഞു .സംസാരം കേൾക്കാതെ ആയി
എന്നാലും എന്തായിരിക്കും കഴിഞ്ഞ വർഷം ഉണ്ടായത്? ഞാൻ ആലോചിച്ചു. പ്രായം ഏകദേശം 95 കഴിഞ്ഞു കാണും ആ മുത്തശ്ശിക്ക് .അധികം നടക്കാൻവയ്യ എന്നത് ഒഴിച്ചാൽ അസുഖങ്ങൾ ഒന്നും ഇല്ല.മകളോടാപ്പം ആണ് താമസം .കൊച്ചു മകൻ ഗവർമ്മേന്റ് ഉദ്യോഗസ്ഥൻ ആണ്.ആളാണ് ആവശ്യങ്ങൾക്ക് ഒക്കെ വണ്ടിയുമായി വീട്ടുകാരെ കൊണ്ടു പോകാറ്.അപ്പോഴാണ് ഭാര്യ ഉമ്മറത്തേക്ക് വന്നത്.
ഞാൻ ചോദിച്ചു
"എന്താടീ ആ മുത്തശ്ശീനെ അവർ കൊണ്ടോവാത്തേ അമ്പലത്തിൽ ?ബാക്കി എല്ലാവരും പോകുന്നല്ലോ?”
"ഓ അതോ? അപ്പൊ നിങ്ങൾക്കറിഞ്ഞൂടേ?
കഴിഞ്ഞ വർഷം ആ ചേട്ടൻ നാട്ടുകാരുടെ തല്ല് കൊണ്ടില്ല എന്നേ ഉള്ളൂ ,ഒരു മാതിരി ആളുകളുടെ ഒക്കെ തെറി കേട്ടു."
"അതെന്താടീ ? എന്താ ഉണ്ടായേ?
“ഒന്നും പറയണ്ട ,ഓർക്കുമ്പോൾ തന്നെ ചിരി വരും.അതുമാതിരി കാര്യങ്ങൾ അല്ലേ ഉണ്ടായേ!”
“അവന് തെറി കേട്ടതാണോ ഇത്ര ചിരിക്കാൻ? നീ കാര്യം പറയടീ”
“കഴിഞ്ഞ കൊല്ലം ഉത്സവത്തിന് അവർ എല്ലാവരും കുടി അങ്ങേരുടെ കാറിൽ പോയി.ഉച്ചയ്ക്ക് എഴുന്നുള്ളത്തിന്റെ സമയം ആയതിനാൽ നല്ല തിരക്കായിരുന്നു.അസലത്തിന്റെ പരിസരത്തൊന്നും വണ്ടി പാർക്ക് ചെയ്യാൻ പറ്റിയില്ല. മുത്തശ്ശിയെ വണ്ടിയിൽ ഇരുത്തി മറ്റുള്ളവർ അമ്പലത്തിൽ തൊഴാൻ പോയി.കാരണം മുത്തശ്ശിക്ക് അത്രേം വഴി നടക്കാൻ പറ്റില്ല. തൊഴുതു തിരിച്ചു വന്നപ്പോൾ വണ്ടിക്കു ചുറ്റും നിറയേ ആൾക്കുട്ടം! ‘അയ്യോ! എന്നെ ഇവിടെ ഉപേക്ഷിച്ചിട്ടു പോയേ , എന്നെ ആരെങ്കിലും എന്റെ വീട്ടിക്കൊണ്ടാക്കോ, എനിക്ക് വയ്യായേ..നാട്ടുകാരേ ‘വണ്ടിക്കുള്ളിലിരുന്ന മുത്തശ്ശി വിളിച്ചു കൂവിക്കൊണ്ടിരുന്നു.ഇതു കേട്ട ആളുകൾ ചുറ്റും കൂടിയതാണ്. മിക്കവരും വണ്ടിയുടെ ഉടമസ്ഥനെ കാത്തു നില്പാണ്. ഒരു വിധത്തിലാണ് അങ്ങേര് അവിടന്ന് ഊരിപ്പോന്നത്. വണ്ടിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ മുത്തശ്ശി പറയാണ് ഞാൻ അപ്പളേ പറഞ്ഞില്ലേ ഉത്സവത്തിനില്ലാന്ന്?!”
“ഈ മാതിരി കയ്യിലിരിപ്പാണോ?
കഷ്ടം!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ