ഒരു ഓണക്കാലം..
ഇതാ വീണ്ടും ഒരോണക്കാലം വന്നിരിക്കുന്നു.സാധാരണ സന്തോഷം നിറഞ്ഞ ഒരു കാലാവസ്ഥയാണ് പ്രകൃതിപോലും ഒരുക്കാറ്.വീടിനു പുറത്തിറങ്ങിയാൽ ഒരു പ്രത്യേക സന്തോഷം എങ്ങു നിന്നോ ശരീരമാസകലം വന്നുകയറുമായിരുന്നു.കാണുന്ന എല്ലാകാഴ്ചകളും സന്തോഷം നിറഞ്ഞത് ,എല്ലാ ആളുകൾക്കും സന്തോഷം .ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്എവിടെ നിന്നാണ് ഈ സന്തോഷത്തിന്റെ ഊർജ്ജം ഈ ഓണക്കാലത്തു മാത്രം പ്രത്യേകമായി സർവ്വ ചരാചരങ്ങളിലും വന്നു ഭവിക്കുന്നത്? ഒരു പക്ഷേ അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ട് എത്രയോ സംവത്സരങ്ങൾ പിന്നിട്ടുണ്ടാകും. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ഈ സന്തോഷം എല്ലാവരിലും അങ്ങനെയങ്ങ് ഉണ്ടായിരുന്നില്ല . പ്രകൃതിയുടെ ചില ക്രൂരമായ ലീലാവിലാസങ്ങൾ പലരുടേയും സന്തോഷത്തിന്റെ നിറം കുറച്ചിരുന്നു. ഇത്തവണ എന്തായാലും എല്ലാവരിലും പഴയ സന്തോഷത്തിന്റെ നവോന്മേഷം ഉണ്ടാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.ദൌ൪ഭാഗ്യവശാൽ അത് ഇപ്പോൾ അസ്ഥാനത്തായിരിക്കുന്നു. പഴയ സന്തോഷങ്ങൾ എല്ലാം മാഞ്ഞുപോയി .എല്ലാം മറയക്കപ്പെട്ടിരിക്കുന്നു അല്ലെങ്കിൽ മറയ്ക്കാൻ എല്ലാവരും നിർബന്ധിതരായിരിക്കുന്നു . എങ്ങും ഒരു നിഗൂഢമായ ആശങ്കയാണ്. മഹാമാരി വരുത്തിവച്ച ആശങ...